ഒരു തവണ കാണുവാന്‍ വേണ്ടി മാത്രമാണ്
ഞാന്‍ നിനക്കന്നു പൊട്ടു തൊട്ടത്..
അത്തറു കലര്‍ന്ന നറുമണമിഷ്ടപ്പെടാതെയല്ല
ഞാന്‍ നിനക്ക് മുല്ലപ്പൂ ചൂടിച്ചത് ...
ഇളം നീല കലര്‍ന്ന പച്ച ഞരമ്പോടിയ നിന്‍റെ കൈയിലെ
വെളുപ്പിനൊപ്പം മൈലാഞ്ചിച്ചുമപ്പിണ ചേരുന്നത്
ഞാനുള്‍ക്കൊണ്ടിരുന്നുവെന്നതിന് ഉടയുന്ന വളപ്പൊട്ടു
ചുരത്തിക്കാറുള്ള ചോര തന്നെ സാക്ഷി..
നിന്നെയെന്റെതാക്കാനുള്ള വെമ്പലില്‍ മാത്രമാണു
ഞാനിടന്തല കുത്തി ഞെളിഞ്ഞത്...
നിന്‍റെ നെറുകയില്‍ ഞാന്‍ ജീവിക്കുന്ന സത്യം
ചുംബിച്ചറിയാന്‍ മാത്രമാണു ഞാന്‍
തട്ടമല്‍പ്പം മാറ്റി സിന്ദൂരം ചാര്‍ത്തിയത്..
ഞാനറിയാതെയാണു നീയെന്നപ്പുറത്ത് നിന്നിലയിലയിലെ
നെയ്യില്‍ വറുത്ത കാളക്കഷണം മാറ്റി വെച്ചത്..!!
നീയുണ്ണാതിരിക്കുമ്പോഴെനിക്കും വിശക്കാത്തതിനാലാണ്
നിനക്കൊപ്പം നോമ്പു നോറ്റത്..
തിരുവാതിരപുണ്യത്തിലായിരമാണ്ട് ജീവിക്കാനല്ല , പിന്നെയോ
മുറുക്കിച്ചുവന്ന നിന്‍ നാവറിയാനാണു ഞാന്‍ നിനക്കു നൂറ്റൊന്നു തന്നത് ...
മമ റാണി വേറൊരുവളുടെ തോഴിയാകുന്നതു താങ്ങാഞ്ഞാണു
വേദിയില്‍ നിന്നോടോപ്പന വിലക്കിയത്..
നിന്‍റെയാലിംഗനത്താല്‍ വിപ്ലവം മാറ്റിയര്‍ദ്ധനാരീശ്വരനെപ്പോലുമറിഞ്ഞു...!!
നമ്മളെന്നുമൊന്നാവണമെന്നു മാത്രം നാമെല്ലാ ദൈവങ്ങളോടും
കേണു , തൊഴുതു , മുട്ടിപ്പായി വിളിച്ചു..
എന്നാലിന്ന് ...
ലൌ ജിഹാദും മറുപക്ഷവും ചേര്‍ന്നു
നമ്മുടെ പ്രണയം പിച്ചിച്ചീന്തി
ടാറിട്ട റോട്ടില്‍ ചവിട്ടിയരച്ചു കളഞ്ഞു..
നാറ്റവാക്കിനാലുദകം പകര്‍ന്ന്, നമ്മുടേതിനെ
നിന്‍റെയും എന്‍റെയുമാക്കി..
അതിനെ പോസ്റ്റര്‍ ശവക്കുരിശാക്കിയാണിയടിച്ചു..
വീട്ടുകാരറിയാതെ വലിച്ച് സെപ്ടിക് ടാങ്കിലേക്കു
കളയുന്ന സിഗരറ്റു കുറ്റിയാക്കി ഫ്ലഷ് ചെയ്തു വിട്ടു..!!!
പ്രണയമിപ്പോള്‍
കാവിമുണ്ടുടുത്തും , കൊന്തക്കുരിശണിഞ്ഞും
നിസ്കാരത്തഴമ്പില്‍ തടവിയുമൊക്കെയാണ്
വരുന്നതെന്ന് നാമെന്തേ തിരിച്ചറിയാഞ്ഞൂ
ജോനോത്തിപ്പെണ്ണേ കൂട്ടുകാരീ..?!!!

No comments:
Post a Comment