Wednesday, January 25, 2012

------------------------- " ഫോര്‍ത്ത് എസ്റ്റേറ്റ്‌ "-----------------------

-

അവള്‍ പറഞ്ഞു....
കലാമണ്ടലത്തിന്നപ്പുറത്തെ കുറ്റിക്കാട്ടിന്നിരുട്ടിലേക്ക്
ഒരൊറ്റത്തീവണ്ടിത്തള്ളലിലൂടോരൊറ്റക്കയ്യനെന്നെ
വലിച്ചിഴച്ചതു കണ്ടുമാചങ്ങലത്തുമ്പോളം നീളാത്ത
ഒരൊറ്റക്കൈയുമെനിക്കുവേണ്ടിയുയരരുത്..
കരിയിലക്കാട്ടിലപമാനവുമശുദ്ധിയുമേറ്റു ഞാന്‍ പിടയവേ
ശബ്ദിക്കാത്തൊരൊറ്റത്തൊണ്ടയുമിനി മിണ്ടരുത്..!

അവള്‍ ശ്വാസമെടുക്കാന്‍ നിര്‍ത്തിയപ്പോള്‍
അവന്‍ പറഞ്ഞു തുടങ്ങി..

അനുജത്തീ...
നിനക്കായ്‌ ആവശ്യത്തിനു ശേഷമാണെങ്കിലും
നെഞ്ചിലടിച്ച്., മുതലയാണെങ്കിലുമെല്ലാരും കരഞ്ഞു..
പെരുമ്പാവൂരിലൊരാനവണ്ടിയുടെ "സുരക്ഷ"യില്‍
പ്രതികരണത്തിന്നൂറ്റത്തിലൊരുപാടു കൈകളെന്‍റെ
പ്രാരാബ്ദത്തിന്‍റെ മഞ്ഞലോഹം കടപ്പെടുത്തിക്കിട്ടിയ,
രോഗഹൃത്തിനോടുചേര്‍ത്ത് പിടിച്ചയൊരു പിടി
പച്ചനോട്ടുകള്‍ ചൂണ്ടി ക്രൂരമായ്‌ വിധിച്ചപ്പോള്‍
പലരുമെന്‍റെ നെഞ്ചില്‍ ചുരുണ്ടു കൊത്തിയപ്പോള്‍..
കള്ളനെന്നകളവാലപമാനിച്ചു തച്ചു കൊന്നപ്പോള്‍
ഞാന്‍ നിന്നെപ്പോലിരുട്ടിലായിരുന്നില്ലനുജത്തീ...
നിനക്കായ്‌ നിറഞ്ഞോരായിരം കണ്‍കള്‍ക്കു വിരുന്നായി..
നിനക്കായ്‌ ശബ്ദിച്ചോ രായിരം വായുടെ
" കൊല്ലടാ"യലറലില്‍ ; പകല്‍പ്പൂര വെളിച്ചത്തില്‍..

അവന്‍ കണ്ണു തുടക്കാനൊരിട നിര്‍ത്തിയപ്പോള്‍
അവള്‍ പറഞ്ഞു തുടങ്ങി..

സോദരേ....
മതക്കത്തിവേഷങ്ങള്‍ പുളച്ച മണ്ണിന്‍ മുറിവുണങ്ങും മുന്‍പേ
രാജപ്രീതിയുടെ കാക്കിയുണ്ടകളെന്‍റെ ജീവിതം തുരന്നിട്ടും..
പാതി തുറന്ന വായിലെങ്ങോ കുരുങ്ങും നിലവിളിക്കറ്റത്ത്
കള്ളത്തോക്കു പെറ്റ കള്ള ത്തീവ്രവാദിയായ് കിടന്നപ്പോഴും
കാണാനല്ല, കൊല്ലാനുള്ള തിട്ടൂരം ജനഭരണത്തിന്‍റെത്..!!!
ഒന്നു കേഴാന്‍ പോലുമിടയില്ലായേറ്റുമുട്ടല്‍ തിരക്കഥയ്ക്കൊടുവില്‍
വീണിട്ടുമപമാനം നുരച്ച ചുണ്ടിലേക്ക് , ഫ്ലാഷുകള്‍ക്കിടയിലൂടെയീച്ചകള്‍ വന്നു..
ഇന്നുമുണങ്ങാ ചുണ്ടു തുടക്കാനവളൊരുമ്പെട്ടപ്പോള്‍........

കാടുകളിലെയും താഴ്വരകളിലേയു മായിരമായിര-
-മേറ്റുമുട്ടലുകളിലെ "എംബാം" ചെയ്യപ്പെട്ടയാത്മാക്കള്‍
ശബ്ദിച്ചു തുടങ്ങവേ...

കോട്ടയത്തും കോഴിക്കോടുമിരുന്ന് , സ്ലാംഗ് വ്യതിയാനമില്ലാതച്ചടിയില്‍
പുറമേ വെളുത്ത ഖദറും അകമേ കറുപ്പുവിദേശിയുമായി
അക്ഷര മുതലാളിമാര്‍ വാ തുറന്നു...

ആദ്യം അവളോട്‌..
" അന്നാ തീവണ്ടീമൊറ്റക്കൈയ്യനുമില്ലാരുന്നേല്‍; നീ കല്യാണോം കഴിഞ്ഞൊരു
സ്റ്റവ്വും പൊട്ടിയെന്നേയൊരുമൂലയിലൊറ്റദിനം മൂന്നര വരിയിലൊതുങ്ങിയേനെ..!!!"

പിന്നെ അവനോട്...
"അന്നാ വണ്ടീല്‍ നിന്നെ തച്ചില്ലാരുന്നേല്‍; നീയാ പണയം വീട്ടാതെ
പിന്നേം പിന്നേം വാങ്ങിക്കൂട്ടി , ഒരു കയറിലോ പരാമറിലോ തീര്‍ന്നേനെ..!!!!"

പിന്നെ അവനോട്..
 " അന്നു നിന്നെ വെടിവെച്ചില്ലാരുന്നേല്‍; നീ ചുമ്മാ കുറേ പെറ്റ്
എട്ടിലോ ഒമ്പതിലോ കൂടെച്ചത്ത് ഭരണ "മോഡി" കുറച്ചു കളഞ്ഞേനെ..!!!!

പിന്നെ എല്ലാവരോടും...
" ശവങ്ങളേ ... ആഹ്ലാദിക്കിന്‍....
നിങ്ങളുടെ ജാതകം ഞങ്ങള്‍ പ്രസ്സില്‍ തിരുത്തിയെഴുതുമ്പോള്‍
നിങ്ങള്‍ താരങ്ങളാകുന്നു...; കൂടെ
വ്യക്തിയും സമൂഹവും ഭരണവും പിന്നെ ഞങ്ങളും...!!!!!!!"
 
            

Tuesday, January 24, 2012

" കനല്‍കാടുകള്‍.."




ഇടുങ്ങിയ തെരുവിന്നോരത്ത് അവളുണ്ടായിരുന്നു..
അവളിലേക്കു ചെന്ന കൈ അറിഞ്ഞതൊക്കെയോ..?

ജീവന്‍ കൊണ്ട വയര്‍..
പിന്നെ ജീവനം തന്ന പൊക്കിള്‍...
സ്തന്യം പകര്‍ന്ന മുലകള്‍..
പിന്നെ സംസ്കാരത്തിന്‍റെ കൈകള്‍..

പൌരുഷം തളര്‍ന്നു കിടക്കാറുള്ള ഇരുണ്ട നനവുകള്‍ 
തേടിയപ്പോള്‍ കണ്ടത് ലോകം കണ്ടയിടം..!!!!

മഴക്കാറു പടര്‍ത്തുന്ന മുടിയിഴകളും 
സ്നേഹം ചാലിച്ച അധരോഷ്ഠങ്ങളും
ശ്രദ്ധയുടെ കണ്ണിളക്കങ്ങളും....

അവളിലും ആര്‍ദ്രതയുണ്ടായിരുന്നു...
ഇടുങ്ങിയ തെരുവില്‍ അമ്മയുണ്ടായിരുന്നോ..?

Monday, January 23, 2012

" ജോനോത്തി!!!"


ഒരു തവണ കാണുവാന്‍ വേണ്ടി മാത്രമാണ്
ഞാന്‍ നിനക്കന്നു പൊട്ടു തൊട്ടത്..
അത്തറു കലര്‍ന്ന നറുമണമിഷ്ടപ്പെടാതെയല്ല
ഞാന്‍ നിനക്ക് മുല്ലപ്പൂ ചൂടിച്ചത് ...
ഇളം നീല കലര്‍ന്ന പച്ച ഞരമ്പോടിയ നിന്‍റെ കൈയിലെ
വെളുപ്പിനൊപ്പം മൈലാഞ്ചിച്ചുമപ്പിണ ചേരുന്നത്
ഞാനുള്‍ക്കൊണ്ടിരുന്നുവെന്നതിന് ഉടയുന്ന വളപ്പൊട്ടു
ചുരത്തിക്കാറുള്ള ചോര തന്നെ സാക്ഷി..
നിന്നെയെന്റെതാക്കാനുള്ള വെമ്പലില്‍ മാത്രമാണു
ഞാനിടന്തല കുത്തി ഞെളിഞ്ഞത്...
നിന്‍റെ നെറുകയില്‍ ഞാന്‍ ജീവിക്കുന്ന സത്യം
ചുംബിച്ചറിയാന്‍ മാത്രമാണു ഞാന്‍
തട്ടമല്‍പ്പം മാറ്റി സിന്ദൂരം ചാര്‍ത്തിയത്..
ഞാനറിയാതെയാണു നീയെന്നപ്പുറത്ത് നിന്നിലയിലയിലെ
നെയ്യില്‍ വറുത്ത കാളക്കഷണം മാറ്റി വെച്ചത്..!!
നീയുണ്ണാതിരിക്കുമ്പോഴെനിക്കും വിശക്കാത്തതിനാലാണ്
നിനക്കൊപ്പം നോമ്പു നോറ്റത്..
തിരുവാതിരപുണ്യത്തിലായിരമാണ്ട് ജീവിക്കാനല്ല , പിന്നെയോ
മുറുക്കിച്ചുവന്ന നിന്‍ നാവറിയാനാണു ഞാന്‍ നിനക്കു നൂറ്റൊന്നു തന്നത് ...
മമ റാണി വേറൊരുവളുടെ തോഴിയാകുന്നതു താങ്ങാഞ്ഞാണു
വേദിയില്‍ നിന്നോടോപ്പന വിലക്കിയത്..
നിന്‍റെയാലിംഗനത്താല്‍ വിപ്ലവം മാറ്റിയര്‍ദ്ധനാരീശ്വരനെപ്പോലുമറിഞ്ഞു...!!
നമ്മളെന്നുമൊന്നാവണമെന്നു മാത്രം നാമെല്ലാ ദൈവങ്ങളോടും
കേണു , തൊഴുതു , മുട്ടിപ്പായി വിളിച്ചു..

എന്നാലിന്ന് ...
ലൌ ജിഹാദും മറുപക്ഷവും ചേര്‍ന്നു
നമ്മുടെ പ്രണയം പിച്ചിച്ചീന്തി
ടാറിട്ട റോട്ടില്‍ ചവിട്ടിയരച്ചു കളഞ്ഞു..
നാറ്റവാക്കിനാലുദകം പകര്‍ന്ന്, നമ്മുടേതിനെ
നിന്‍റെയും എന്‍റെയുമാക്കി..
അതിനെ പോസ്റ്റര്‍ ശവക്കുരിശാക്കിയാണിയടിച്ചു..
വീട്ടുകാരറിയാതെ വലിച്ച് സെപ്ടിക് ടാങ്കിലേക്കു
കളയുന്ന സിഗരറ്റു കുറ്റിയാക്കി ഫ്ലഷ് ചെയ്തു വിട്ടു..!!!

പ്രണയമിപ്പോള്‍
കാവിമുണ്ടുടുത്തും , കൊന്തക്കുരിശണിഞ്ഞും
നിസ്കാരത്തഴമ്പില്‍ തടവിയുമൊക്കെയാണ്
വരുന്നതെന്ന് നാമെന്തേ തിരിച്ചറിയാഞ്ഞൂ
ജോനോത്തിപ്പെണ്ണേ കൂട്ടുകാരീ..?!!!

Wednesday, January 4, 2012

‎" തെക്കുംകര പഞ്ചായത്ത് --- പത്താം വാര്‍ഡ്‌...

ഞങ്ങള്‍  തെക്കുംകരയിലാണ്...
വെള്ളിയാങ്കല്ലിലെ പുനര്‍ജന്മ  ബാധ്യതകളില്‍  നിന്ന്
അല്പം വടക്ക് മാറി വലിപ്പം വെച്ച്
ആകാശത്തു വട്ടമിട്ട  ഭീമന്‍ തുമ്പികള്‍ 
സമൃദ്ധി കാത്ത കണ്ണുകളിലേക്ക് വിഷം ചീറ്റിച്ചപ്പോള്‍ ...
അവ്യക്ത ഭാഷകളുടെ മഹാജ്ഞാനത്തിലേക്ക്     
അപ്പുക്കിളികളെ സൃഷ്ടിച്ചു വിട്ടപ്പോള്‍ ....
ബോവിക്കാനത്തെ പിഞ്ചു ശരീരങ്ങളില്‍  നിന്ന്
ചെതുമ്പലിളക്കിയശുദ്ധി സമ്മാനിച്ചപ്പോള്‍ ....
ജീവിതത്തെ സ്വപ്നം കലര്‍ത്തി  കണ്ട
ബദിയടുക്കയുടെ കണ്ണുകളിലേക്കീയമുരുക്കിയപ്പോള്‍ ..
ഞങ്ങള്‍  പറഞ്ഞു....
ഈ മധുരാജിനും അംബികാസുതനുമൊന്നും 
വേറൊരു പണിയുമില്ലേ..?!!!
ചുമ്മാ വൈകീട്ടു രണ്ടെണ്ണം വിട്ടു വീട്ടില്‍  പോകാതെ..!!!!
ഞങ്ങള്‍  തെക്കുംകരയിലാണ്...എന്‍മകജെയിലല്ല..!!!!

മുല്ലപെരിയാര്‍  പൊട്ടും ; ഞങ്ങളും ഞെട്ടി...
ഇരിങ്ങാലക്കുട വരെയേ എത്തൂ എന്നറിഞ്ഞ് ചിരിച്ചു...
ഡാമില്‍  ബ്രാണ്ടി ചേര്‍ത്താലുള്ള എസ് എം എസ്  തമാശയോര്‍ത്തു കൊതിച്ചും
പോട്ടിക്കുത്തിയൊലിച്ചു  പോവുന്ന രസമോര്‍ത്തും  ചിരിച്ചു...
അടുത്ത ഹര്‍ത്താലിന് ഡാം 999 ഡി വി ഡി കാണണമെന്നും നിനച്ചു...
ഞങ്ങള്‍  തെക്കുംകരയിലാണ്..  ചപ്പാത്തിലല്ല....!!!

മണിപ്പൂരിന്‍  മഴക്കാടുകള്‍ക്കിടയില്‍ , യുജിയെന്ന ലേബലില്‍ ..
രേഖയില്ലായറസ്റ്റുകള്‍ക്കപ്പുറം തോക്കുകളോരുക്കിയ തിരനാടകത്തില്‍ ,
നഗ്നരാമമ്മമാരുടെ ഗര്‍ഭപാത്രമുനമ്പു വരെ ബയണറ്റു ചെല്ലുമ്പോള്‍  ....
ജനാധിപത്യരാജ്യമൊരു തുണ്ട് ബാനറാല്‍ നാണം മറയ്ക്കുമ്പോള്‍...
ഇറോം ശര്‍മ്മിളയുടെ മൂക്കിലെ കുഴല് കണ്ട് ഞങ്ങള്‍ക്ക്  ചിരി പൊട്ടി.!!!
ഇപ്പേണ്ണിനു വേറെ പണിയൊന്നുമില്ലേ...?!!
കുഴലിനു പകരം മൂക്കുത്തിയിട്ട് അയല്‍ക്കൂട്ടത്തില്‍  പോയിരുന്നു നാലു നുണ പറയാതെ...!!
ഈ മണിപ്പൂരില്‍ ഏഷ്യാനെറ്റ്‌ കിട്ടില്ലേ..? 
ഞങ്ങള്‍ തെക്കുംകരയിലാണ്..മണിപ്പൂരിലല്ല..!!!

കൂടംകുളത്ത് ജൈവചൂതാട്ട വേദിയൊരുങ്ങവേ..
മുക്കുവക്കുടിലൂടെ വന്ധ്യമാമാണവകിരണം തുരന്നിറങ്ങവേ...
ദരിദ്ര സ്വപ്നത്തിലും കടലിലും വിഷം കലക്കി ശാസ്ത്രം ചിരിക്കവേ...
ഭരണകൂടം വിധിച്ച ഡേമോക്ലസിനിരയാവാതെയൊരു പറ്റമെതിര്‍ത്തു  നില്ക്കേ..
ഞങ്ങള്‍  പറഞ്ഞു..
ഈ പാണ്ടികള്ക്കങ്ങനെ തന്നെ വേണം..
ഹൌ! ഈ ആണവ നിലയം പൊട്ടുമ്പോ വെടിക്കെട്ടിനേക്കാള്‍ ശബ്ദമുണ്ടാകുമോയെന്തോ..
ഈ സി ആര്‍  നീലകണ്ഠന്‍ മാഷിനും ഉദയകുമാറിനുമൊന്നും വേറൊരു പണിയുമില്ലേ..?!!
ചുമ്മാ ഒരു രണ്ടെണ്ണം കൂടിയടിക്കാന്‍  നില്‍ക്കാതെ......!!!
ഞങ്ങള്‍ തെക്കുംകരയിലാണ്.. കൂടംകുളത്തല്ല..!!!

ഇന്നലെ,
പഞ്ചായത്ത് മാലിന്യം,പത്താം വാര്‍ഡില്‍ , എന്‍റെ  പറമ്പിന്‍ മൂലയില്‍  തള്ളി...
കോഴിവേസ്റ്റു ചികഞ്ഞ കാക്കകളേതോ സാനിറ്ററി നാപ്കിന്‍  കൊത്തി കിണറ്റിലിട്ടു..
പഞ്ചായത്താപ്പീസില്‍  പോവാമെന്നു പറഞ്ഞപ്പോള്‍ 
" നിനക്ക് വേറെ പണിയില്ലേ..? ഞാന്‍ രണ്ടെണ്ണം വിടാന്‍  പോവാണ്.."
എന്നും പറഞ്ഞവന്‍  തിരിഞ്ഞു നടന്നു...
അവന്‍  പതിനൊന്നിലാണ്...പത്തിലല്ല...!!!!!  

Sunday, November 1, 2009

"ഉറവ"

ഉറവ ""പ്രണയിനീ..മനസ്സിലേക്ക് നീഊതിവിട്ട തീപ്പൊരികള്‍..
അവ അണയാതത്തെന്താണ്..?
ഒരു വേള,
അവ അണയുന്നത് എനിക്കും ഇഷ്ടമായിരിക്കുകയില്ല..
എന്റെ ആകാശതുണ്ടു മുഴുവന്‍ കീഴടക്കി,
ആര്‍ദ്രതയ്ക്കൂക്കം കൂട്ടുന്ന നീയെന്ന മേഘം...
അറിയുന്നുവോ ഞാനും മഴയാണെന്ന്..?
അതിനൊപ്പമിടറുന്ന ഇടിമിന്നലാണെന്ന്..?
ഒടിഞ്ഞ ചിറകില്‍ നിന്നുമിനിയും
ചോരയിറ്റാത്തത് ആരുടെയെല്ലാം

മിടുക്കാണെന്നിനിയുമെനിക്കറിയില്ല...
നീറുന്നിടത്തു പുരട്ടുന്ന വിഷം പോലെ സ്നേഹം..
പതിയിരുന്നു പ്രണയമായെന്നെ ആക്രമിക്കുന്നുവോ..?
ഒന്നുമില്ലാതിരുന്നിട്ടും എന്തൊയെരിയുന്ന പോല്‍..,
വായു രഹിതമാകുന്നു സ്വപ്നങ്ങള്‍...
ഹ്രിദയത്തിലേക്ക് വീണ്ടും വീഴുന്ന തീപ്പൊരികള്‍...
ക്രിത്യമായ ഇടവേളകള്‍ക്കു വഴങ്ങി....
അറിയില്ല...
വീശുന്ന കാറ്റില്‍ കനലെത്ര അടരാടുമെന്ന്..
ഇവിടെ ഒന്നും അവിശ്വസനീയമല്ല..
പ്രണയിനീ..
ബോധിമരച്ചുവട്ടില്‍
ഇനിയെന്‍റ്റെ രുധിരരേതസ്സുകള്‍ കലര്‍ന്നു പെയ്യട്ടെ..
എല്ലാത്തിനും മുകളിലൂടെ ഒരു
പെരുമഴ ഭ്രാന്തമായി അലറിപ്പെയ്തെങ്കില്‍....!.




* എന്‍ടെ നീ മരിച്ചു എന്നു നീ പറഞ്ഞോ..?

Saturday, August 8, 2009

മരം പെയ്യുമ്പോള്‍..


" മരം പെയ്തു തുടങ്ങുന്നത് ഓര്‍മ്മകളില്‍ നിന്നു തന്നെയാണ്.. തിരിഞ്ഞു നോക്കാന്‍ പ്രായമായവര്‍ക്ക് അങ്ങിനെ.. അല്ലാത്തവര്‍ക്ക്‌ അങ്ങിനെ.. എങ്കിലും ഇന്നും ചില സിനിമകളോ പുസ്തകങ്ങളോ നമ്മെ കാലങ്ങള്‍ക്ക് പുറകിലേക്ക് പിടിച്ചു വലിക്കുന്നതെന്തു കൊണ്ടാണ്..? അതാണ് മരത്തിന്‍റെ പെയ്യല്‍.. മരം പെയ്തു തകര്‍ക്കട്ടെ.. നമ്മള്‍ ഓരോരുത്തരും പിന്നിലേക്കു വിളിക്കപ്പെടട്ടെ..